ആദിവാസി കുട്ടികളുടെ പഠനത്തിന് ആശ്വാസം

Zaid Ebrahim Anwari
1 Min Read

ഗോത്രബന്ധു മെന്റർ അധ്യാപകർക്ക് ഹൈക്കോടതിയുടെ സംരക്ഷണം

പാലക്കാട്: ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണായകമായ ഗോത്രബന്ധു പദ്ധതിയിലെ മെന്റർ അധ്യാപകർക്ക് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. നിലവിലുള്ള മെന്റർ അധ്യാപകരെ ബാധിക്കുന്ന തരത്തിൽ പുതിയ നിയമനത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി, ഹർജിക്കാരായ അധ്യാപകർക്ക് ഗോത്രബന്ധു മെന്റർമാരായി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Ref.No:ZE-515-024-50

ഗോത്രവിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുന്നതിലെ ഭാഷാപരവും സാമൂഹികവുമായ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുന്നതിനാണ് ഗോത്രബന്ധു പദ്ധതി ആവിഷ്കരിച്ചത്. വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നതിൽ സഹായിക്കുക, പഠനത്തിൽ പിന്തുണ നൽകുക, അഭാവത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുക, ആവശ്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ ചുമതലകൾ മെന്റർ അധ്യാപകർ നിർവഹിക്കുന്നു.

ഒൻപത് വർഷത്തോളമായി സേവനം തുടരുന്ന മെന്റർ അധ്യാപകരെ മാറ്റി പുതിയ നിയമനം നടത്താനുള്ള നടപടിയാണ് ഹർജിയിലൂടെ ചോദ്യം ചെയ്തത്. പദ്ധതി തന്നെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളതാണെന്നും, മെന്റർ അധ്യാപകരുടെ സേവനം വിദ്യാഭ്യാസരംഗത്ത് പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.

പദ്ധതിയുടെ ലക്ഷ്യം തൊഴിൽ നൽകൽ മാത്രമല്ലെന്നും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും സ്കൂളും ഗോത്രസമൂഹവും തമ്മിൽ പാലമൊരുക്കുകയുമാണ് പ്രധാന ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് നിലവിലുള്ള മെന്റർ അധ്യാപകരെ ബാധിക്കുന്ന പുതിയ വിജ്ഞാപനം റദ്ദാക്കുകയും അവർക്ക് സേവനം തുടരാൻ അനുമതി നൽകുകയും ചെയ്തു.

ആദിവാസി വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിൽ കുട്ടികളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഗോത്രബന്ധു പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഈ വിധി വ്യക്തമാക്കുന്നു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×