ഏകദിന ലോകകപ്പ് ഷെഡ്യൂളായി;

Jishnu Menon
2 Min Read

ഒക്ടോബർ 10ന് ഇന്ത്യ–പാകിസ്താൻ പോരാട്ടം

ജോഹന്നാസ്ബർഗ്: 2027ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ പോരാട്ടം 2027 ഒക്ടോബർ 10ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കും. വാണ്ടറേഴ്സ് സ്റ്റേഡിയമാണ് മത്സരവേദി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒക്ടോബർ ഒന്നിനാണ് ലോകകപ്പ് മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ടത്.

2027 ഒക്ടോബർ രണ്ടിന് നമീബിയയിലെ വിൻഡ്ഹോക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് നവംബർ 21ന് ജോഹന്നാസ്ബർഗിൽ നടക്കുന്ന ഫൈനലോടെ അവസാനിക്കും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 57 മത്സരങ്ങളാണുള്ളത്.

ഒക്ടോബർ 10ന് ഇന്ത്യ–പാകിസ്താൻ

ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും ഈ ഗ്രൂപ്പിലുണ്ട്. അഫ്ഗാനിസ്താൻ, സിംബാബ്‌വെ, ക്വാളിഫയർ എ എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ക്വാളിഫയർ ബി എന്നിവരാണ് ഗ്രൂപ്പ് ബിയിൽ.

ഇന്ത്യ–പാകിസ്താൻ മത്സരം ഒക്ടോബർ 10ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സിലാണ്. ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ–പാക് മത്സരത്തിന് ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വേദിയൊരുങ്ങുകയാണ്. മത്സരത്തിന്റെ കൃത്യമായ പ്രാദേശിക സമയം പിന്നീട് പ്രഖ്യാപിക്കുമെന്ന് നിലവിലെ ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുണ്ട്.

Ref.No:DPCI-PKD-50

ലോകകപ്പിന് പുതിയ ഫോർമാറ്റ്

2027 ലോകകപ്പിൽ 14 ടീമുകളാണ് മത്സരിക്കുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ക്വാളിഫയർ ഘട്ടത്തിൽ നിന്നുള്ള മൂന്ന് ടീമുകൾ നമീബിയയിൽ പ്രത്യേക സൂപ്പർ സീരീസിൽ മത്സരിക്കും. ഒക്ടോബർ 2, 4, 6 തീയതികളിലായാണ് ഈ മൂന്ന് മത്സരങ്ങൾ. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറും.

ഗ്രൂപ്പ് ഘട്ടത്തിൽ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ മൂന്ന് സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. രണ്ട് ഗ്രൂപ്പുകളിലെയും നാലാം സ്ഥാനക്കാരിൽ മികച്ച റെക്കോർഡുള്ള ടീമിനും അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. അങ്ങനെ ഏഴ് ടീമുകളാണ് സൂപ്പർ 7 ഘട്ടത്തിലെത്തുക.

നവംബർ 21ന് ഫൈനൽ

ലോകകപ്പ് ഫൈനലിന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയമാണ് വേദി. നവംബർ 21നാണ് ഫൈനൽ. ആവശ്യമെങ്കിൽ നവംബർ 22 റിസർവ് ഡേയായി അനുവദിച്ചിട്ടുണ്ട്. സെമിഫൈനലുകളും ഫൈനലും പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പകൽ മത്സരങ്ങളായാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ–പാകിസ്താൻ മത്സരത്തിനും ഫൈനലിനും ഒരേ വേദിയായ വാണ്ടറേഴ്സ് ഇത്തവണ ലോകകപ്പിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും.

മൂന്ന് രാജ്യങ്ങൾ, 12 വേദികൾ

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. നമീബിയയിലെ വിൻഡ്ഹോക്ക്, സിംബാബ്‌വെയിലെ ഹരാരെ, ബുലവായോ, വിക്ടോറിയ ഫാൾസ് എന്നിവയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ, ജോഹന്നാസ്ബർഗ്, ത്ഷ്വാനെ, പാർൾ, ബ്ലൂംഫോണ്ടെയ്ൻ, ഡർബൻ, കു‍ഗോംപോ സിറ്റി, ഗ്കെബെർഹ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ടാകും.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×