പത്ത് പഞ്ചായത്തുകളുടെ ദാഹമകറ്റേണ്ട പദ്ധതി; കുരിയാർകുറ്റി–കാരപ്പാറ ഇപ്പോഴും ഫയലിൽ

Zaid Ebrahim Anwari
1 Min Read

മുതലമട: പാലക്കാടിന്റെ മഴനിഴൽ മേഖലയായ ചിറ്റൂർ, മുതലമട പ്രദേശങ്ങളുടെ ദീർഘകാല ജലപ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കുരിയാർകുറ്റി–കാരപ്പാറ പദ്ധതി അഞ്ച് പതിറ്റാണ്ടിനുശേഷവും പൂർണ യാഥാർഥ്യമായില്ല. പത്ത് പഞ്ചായത്തുകളിലെ കുടിവെള്ളത്തിനും കൃഷിക്കും സഹായകരമാകേണ്ട ബഹുമുഖ പദ്ധതിയാണ് ഇപ്പോഴും തുടർനടപടികൾ കാത്ത് നിൽക്കുന്നത്.

മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂർ, പല്ലശ്ശന, പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സ്ഥിരമായ ജലസ്രോതസ്സ് ഒരുക്കുന്നതിനൊപ്പം ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങളിലേക്ക് ജലം എത്തിക്കാനും പദ്ധതിക്ക് ലക്ഷ്യമുണ്ട്.

Ref.No:ZE-515-024-50

ചാലക്കുടി പുഴയുടെ കൈവഴിയായ കാരപ്പാറ അരുവിയിൽ നിന്ന് വെള്ളം തിരിച്ചുവിട്ട് ചുള്ളിയാർ, മീങ്കര ഡാമുകളിലേക്ക് എത്തിക്കുകയും അവിടെനിന്ന് ചിറ്റൂർ മേഖലയിലെ കനാലുകളിലൂടെ ജലസേചനത്തിനായി വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. പദ്ധതി ജലസേചനത്തിനൊപ്പം കുടിവെള്ളം, വൈദ്യുതി ഉൽപ്പാദനം, പ്രളയനിയന്ത്രണം തുടങ്ങിയ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ബഹുമുഖ പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി 2022ൽ അഞ്ച് കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് ടാറ്റാ കൺസൾട്ടിംഗ് ലിമിറ്റഡിന് ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ചുമതല നൽകുകയും സർവേ നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ തുടർനടപടികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ലെന്നാണ് റിപ്പോർട്ട്.

വനം, പരിസ്ഥിതി അനുമതികൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ചിറ്റൂർ, മുതലമട മേഖലയിലെ കുടിവെള്ള-കാർഷിക പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണാൻ പദ്ധതി സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെയും കർഷക സംഘടനകളുടെയും ആവശ്യം.

വർഷങ്ങളായി ചർച്ചകളിൽ മാത്രം ഒതുങ്ങിയ പദ്ധതി ഇനി ഫയലുകളിൽ നിന്ന് പുറത്തുവന്ന് പ്രായോഗികതലത്തിലേക്ക് എത്തുമോ എന്നതാണ് പാലക്കാട് ഉറ്റുനോക്കുന്നത്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×