കാൻസർ ചികിത്സാ ചെലവ്: ‘സുകൃതം’ ഓർമിപ്പിച്ച് കേരള ഹൈക്കോടതി;

Krishna Kumar
2 Min Read

കൊച്ചി: ജീവൻരക്ഷാ മരുന്നുകളുടെ അമിതവില സാധാരണക്കാരുടെ ചികിത്സാ അവകാശത്തെ ബാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാനുള്ള നിയമപരമായ അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. പേറ്റന്റുള്ള മരുന്നുകൾ അമിതവിലയ്ക്ക് വിൽക്കപ്പെടുന്ന സാഹചര്യത്തിൽ പേറ്റന്റ് നിയമത്തിലെ സെക്ഷൻ 100 പ്രയോഗിച്ച് സർക്കാർ തന്നെ മരുന്ന് നിർമിച്ച് ആവശ്യക്കാരായ രോഗികൾക്ക് വാണിജ്യേതര അടിസ്ഥാനത്തിൽ നൽകാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി.

കാൻസർ ചികിത്സയുടെ സാമ്പത്തികഭാരം ചൂണ്ടിക്കാട്ടുന്നതിനിടെ മമ്മൂട്ടി നായകനായ ‘സുകൃതം’ എന്ന സിനിമയെ പരാമർശിച്ചതാണ് വിധിയിലെ ശ്രദ്ധേയമായ മറ്റൊരു ഭാഗം. 1994-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രം രക്താർബുദം ബാധിച്ച മാധ്യമപ്രവർത്തകനാണ്. ചികിത്സയുടെ സാമ്പത്തികഭാരം രോഗിയെയും കുടുംബത്തെയും എങ്ങനെ തകർക്കുന്നുവെന്ന് ചിത്രത്തിലെ രംഗങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു.

Ref.No:DPCI-PKD-50

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘സുകൃതം’ കാൻസർ രോഗിയുടെ മാനസിക സംഘർഷത്തിനൊപ്പം ചികിത്സയുടെ സാമ്പത്തിക പ്രതിസന്ധിയും ചർച്ച ചെയ്ത ചിത്രമാണ്. ചിത്രത്തിലെ രവിശങ്കർ ചികിത്സ തുടരുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന സാമ്പത്തിക സമ്മർദമാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. കാൻസർ ചികിത്സയ്ക്കായി കുടുംബങ്ങൾ അവരുടെ സമ്പാദ്യവും സ്വത്തുക്കളും വരെ പണയംവെച്ച് കടബാധ്യതയിൽ അകപ്പെടുന്ന സാഹചര്യം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

‘In Re Exorbitant Pricing of Life Saving Patented Medicines’ എന്ന പേരിൽ ഹൈക്കോടതി പരിഗണിച്ച സ്വമേധയാ കേസിന്റെ തുടക്കം സ്തനാർബുദ ചികിത്സയിലായിരുന്ന ഒരു രോഗി നൽകിയ ഹർജിയിലായിരുന്നു. പേറ്റന്റുള്ള കാൻസർ മരുന്നായ റിബോസിക്ലിബ് (Ribociclib) താങ്ങാനാകാത്ത വിലയിലാണ് ലഭിക്കുന്നതെന്നും, രോഗികൾക്ക് മരുന്ന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

പേറ്റന്റുടമയുടെ സമ്മതം ഇല്ലാതെയും സർക്കാർ ആവശ്യത്തിനായി പേറ്റന്റുള്ള കണ്ടുപിടിത്തം ഉപയോഗിക്കാൻ ഈ വ്യവസ്ഥ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു. ജീവൻരക്ഷാ മരുന്നുകൾ അമിതവിലയ്ക്ക് വിൽക്കപ്പെടുകയും അതിന്റെ ഫലമായി രോഗികൾക്ക് ചികിത്സ ലഭ്യമാകാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വ്യവസ്ഥ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഹൈക്കോടതി പരിശോധിച്ചത്.

കേസിൽ കേന്ദ്ര സർക്കാർ വിലകുറഞ്ഞ മറ്റൊരു മരുന്നായ പാൽബോസിക്ലിബ് (Palbociclib) പകരം ഉപയോഗിക്കാമെന്ന വാദവും ഉന്നയിച്ചിരുന്നു. എന്നാൽ വിദഗ്ധ അഭിപ്രായങ്ങൾ പരിഗണിച്ച കോടതി, രോഗത്തിന്റെ പ്രത്യേക ഘട്ടങ്ങളിൽ റിബോസിക്ലിബിനും പാൽബോസിക്ലിബിനും പരസ്പരം നേരിട്ട് പകരക്കാരായി ഉപയോഗിക്കാനാകുമോ എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് വിലയിരുത്തി. അതിനാൽ വില കുറഞ്ഞ മറ്റൊരു മരുന്ന് വിപണിയിൽ ലഭ്യമാണെന്ന കാരണത്താൽ മാത്രം പേറ്റന്റുള്ള മരുന്നിന്റെ വില സംബന്ധിച്ച പ്രശ്നം അവസാനിക്കുന്നില്ലെന്നതാണ് കേസിൽ ഉയർന്നുവന്ന പ്രധാന വസ്തുത.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×