പുതിയ സുരക്ഷാ കൂട്ടായ്മയുമായി സൗദി, തുർക്കി, പാകിസ്ഥാൻ
മക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ രൂപംകൊണ്ട പുതിയ സുരക്ഷാ സഹകരണ നീക്കത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മക്കയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ രൂപംകൊണ്ട പ്രതിരോധ സഹകരണ കരാർ ‘വലുതും ധീരവുമായ നീക്കം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
മധ്യപൗരസ്ത്യ മേഖലയിലും ദക്ഷിണേഷ്യയിലും മാറിവരുന്ന സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് പുതിയ പ്രതിരോധ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് മക്കയിൽ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ എന്ന പേരിൽ കരാറിൽ ഒപ്പുവെച്ചിരുന്നു.
ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി കൂട്ടായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്. നാറ്റോയുടെ കൂട്ടായ പ്രതിരോധ തത്വവുമായി ഇതിന് സാമ്യമുണ്ടെങ്കിലും, കരാർ നാറ്റോയ്ക്ക് സമാനമായ സൈനിക സഖ്യമാണെന്ന് ഔദ്യോഗികമായി വിശേഷിപ്പിച്ചിട്ടില്ല.
മൂന്ന് രാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉയർന്നതലത്തിലുള്ള രാഷ്ട്രീയ-സൈനിക ഏകോപന സംവിധാനങ്ങൾ രൂപീകരിക്കാനും പ്രതിരോധ-വിദേശകാര്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവികളും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.
കരാറിന്റെ ഭാഗമായി കര, കടൽ, വ്യോമ, സൈബർ മേഖലകളിൽ സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്താനും പദ്ധതിയുണ്ട്. ഡ്രോൺ സാങ്കേതികവിദ്യ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക പ്രതിരോധ മേഖലകളിലും സഹകരണം വർധിപ്പിക്കും. പ്രതിരോധ സാങ്കേതികവിദ്യയുടെ സംയുക്ത വികസനം, ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്കും കരാർ വഴിയൊരുക്കും.




