മുംബൈ: ബോംബ് ഭീഷണികൾ തുടർക്കഥയാകുമ്പോഴും ആരാധകരുമായുള്ള പതിറ്റാണ്ടുകൾ നീളുന്ന സ്നേഹബന്ധത്തിന് ഇടവേള നൽകാതെ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ ദീപാവലി ദിനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയ ബിഗ് ബി ഇത്തവണ എത്തിയത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷാ കവചമില്ലാതെയാണ്. മകൻ അഭിഷേക് ബച്ചനും സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നു.

വർഷങ്ങളായി തുടരുന്ന പതിവനുസരിച്ച് ഞായറാഴ്ചകളിൽ ജൽസയ്ക്ക് മുന്നിലെത്തുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യാറുണ്ട്. ദീപാവലി ദിനത്തിലും ഈ പതിവ് മുടക്കാൻ അമിതാഭ് തയ്യാറായില്ല. വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച താരം മൈക്കിലൂടെ ആരാധകരോട് സംസാരിച്ചു. ‘നിങ്ങൾ എല്ലാവരെയും ഞാൻ പ്രണമിക്കുന്നു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനിൽക്കട്ടെ. എല്ലാവർക്കും ഒരുപാട് നന്ദി’ എന്നായിരുന്നു ആരാധകരോടുള്ള അമിതാഭിന്റെ ആശംസയുടെ സാരം.
അമിതാഭ് ബച്ചന്റെ ജൽസയ്ക്ക് നേരെ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മുംബൈയിലെ ബോംബെ ഹൈക്കോടതി, മഹാലക്ഷ്മി റേസ്കോഴ്സ് എന്നിവയ്ക്കും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭീഷണിയുടെ ആധികാരികത പരിശോധിക്കുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭീഷണി ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു.
ഉയർത്തിയ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ കവചത്തിന് പിന്നിൽനിന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന അമിതാഭിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. മകൻ അഭിഷേക് ബച്ചനും അന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
അടുത്തിടെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അമിതാഭ് ബച്ചൻ ആരാധകരുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നു. കൈയിലെ അസ്വസ്ഥത കാരണം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും കത്തുകൾ എഴുതാൻ കഴിയുന്നില്ലെന്നും ഇതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ദീപാവലി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
തനിക്ക് അയച്ച സമ്മാനങ്ങൾക്കും ആശംസകൾക്കും നന്ദി അറിയിച്ച താരം, ഓരോരുത്തർക്കും വ്യക്തിപരമായി മറുപടി നൽകാൻ കഴിയാത്തതിലുള്ള വിഷമവും പങ്കുവെച്ചു.
84-ാം വയസ്സിലും സിനിമയിലും ടെലിവിഷനിലും സജീവമായ അമിതാഭ് ബച്ചൻ നിലവിൽ ‘കൗൻ ബനേഗാ ക്രോർപതി 18’-ന്റെ അവതാരകനാണ്. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾക്കിടയിലും ആരാധകരുമായുള്ള ബന്ധം നിലനിർത്താനുള്ള താരത്തിന്റെ ശ്രമം വീണ്ടും ശ്രദ്ധ നേടുകയാണ്.



