തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സംവിധാനത്തിന്റെ പേരുകളിലും സമീപനത്തിലും വലിയ മാറ്റത്തിന് ഒരുങ്ങി കേരളം. ‘ജയിൽ’ എന്ന വാക്ക് ഒഴിവാക്കി, ശിക്ഷയും തടങ്കലും എന്ന പരമ്പരാഗത ധാരണയ്ക്ക് പകരം തിരുത്തൽ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ പേരുകൾ നൽകാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്.
സംസ്ഥാന ആഭ്യന്തര വകുപ്പിന് മുന്നിൽ സമർപ്പിച്ച നിർദേശപ്രകാരം സെൻട്രൽ ജയിലുകൾക്ക് ‘Correctional and Management Centre’ എന്ന പേര് നൽകാനാണ് ശുപാർശ. ജില്ലാ ജയിലുകളും സബ് ജയിലുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ‘Transit Justice Home’ എന്ന പേരും നിർദേശിച്ചിട്ടുണ്ട്. പ്രിസൺസ് ഹെഡ്ക്വാർട്ടേഴ്സിന്റെ പേര് ‘Department of Correctional Services Headquarters’ എന്നാക്കി മാറ്റാനും ശുപാർശയുണ്ട്.

ശിക്ഷ മാത്രമല്ല, തിരുത്തലും പുനരധിവാസവും
കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട ഒരാളെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ആധുനിക ജയിൽ സംവിധാനത്തിന്റെ ലക്ഷ്യം. കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കുകയും വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മോചിതനായ ശേഷം സമൂഹത്തിൽ ഉത്തരവാദിത്തമുള്ള ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് correctional approach മുന്നോട്ടുവയ്ക്കുന്നത്.
കേരള പ്രിസൺസ് & കറക്ഷണൽ സർവീസസിന്റെ ഔദ്യോഗിക രേഖകളും തടവുകാരെ സുരക്ഷിതമായി പാർപ്പിക്കുന്നതിനൊപ്പം correction, reformation, rehabilitation, social reintegration എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായി വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ‘ജയിൽ’ പോലുള്ള വാക്കുകൾ സൃഷ്ടിക്കുന്ന ശിക്ഷാകേന്ദ്രം എന്ന പ്രതിച്ഛായ മാറ്റി, വ്യക്തിയുടെ തിരുത്തലിനും പുനരധിവാസത്തിനും ഊന്നൽ നൽകുന്ന സ്ഥാപനമെന്ന ആശയം പൊതുസമൂഹത്തിൽ ശക്തിപ്പെടുത്തുകയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.



