റെയിൽവേ ഡിവിഷൻ പുനഃസംഘടനയ്ക്കെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട്: മലബാർ മേഖലയിലെ റെയിൽ യാത്രക്കാർക്ക് പുതിയ റെയിൽവേ ഡിവിഷൻ പുനഃസംഘടന വലിയ വെല്ലുവിളിയാകുമെന്ന് ആശങ്ക. പ്രത്യേകിച്ച് കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ നിന്ന് അടിയന്തര ചികിത്സയ്ക്കും അത്യാവശ്യ ബിസിനസ് ആവശ്യങ്ങൾക്കുമായി നിരന്തരം യാത്ര ചെയ്യുന്നവർക്ക് പുതിയ സംവിധാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ മംഗളൂരു കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളിൽ അവസാന നിമിഷം ബെർത്ത് ലഭ്യമാക്കാൻ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് റെയിൽവേയുടെ എമർജൻസി ക്വോട്ട സംവിധാനത്തെയാണ്. എന്നാൽ പുതിയ ഡിവിഷൻ പുനഃസംഘടന നിലവിൽ വന്നാൽ മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് എമർജൻസി ബുക്കിങ്ങിനായി മൈസൂരു ഡിവിഷനെ സമീപിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് അടിയന്തര യാത്രകൾക്ക് ആവശ്യമായ അനുമതികൾ ലഭിക്കുന്നതിൽ കാലതാമസത്തിനും കൂടുതൽ ഭരണപരമായ ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്നാണ് ആശങ്ക.
കോഴിക്കോട് പിറ്റ് ലൈൻ പദ്ധതി അനിശ്ചിതത്വത്തിൽ
ഡിവിഷൻ അതിർത്തിയിലെ മാറ്റം കോഴിക്കോട് ഏറെക്കാലമായി ഉന്നയിക്കുന്ന പിറ്റ് ലൈൻ ആവശ്യത്തിനും തിരിച്ചടിയായിരിക്കുകയാണ്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി, ശുചീകരണം, പരിപാലനം എന്നിവയ്ക്കാവശ്യമായ പ്രധാന സൗകര്യമാണ് പിറ്റ് ലൈൻ. കോഴിക്കോട് പിറ്റ് ലൈൻ യാഥാർഥ്യമായാൽ നഗരത്തിൽ നിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയും വർധിക്കുമായിരുന്നു.
കോഴിക്കോട് എംപി എം.കെ. രാഘവൻ ഉൾപ്പെടെയുള്ളവർ പദ്ധതിക്കായി നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. പദ്ധതി അംഗീകാരത്തിന്റെ നിർണായക ഘട്ടത്തിലെത്തിയിരുന്നുവെന്നാണ് അവകാശവാദം. എന്നാൽ ഡിവിഷൻ അതിർത്തി പുനഃക്രമീകരണത്തോടെ പദ്ധതിയുടെ തുടർനടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതോടെ കോഴിക്കോട് നിന്നുള്ള പുതിയ ട്രെയിൻ സർവീസുകളെന്ന ദീർഘകാല പ്രതീക്ഷകൾക്കും മങ്ങലേൽക്കുകയാണ്.
പ്രതിഷേധം ശക്തമാക്കി മലബാർ എംപിമാർ
റെയിൽവേ പുനഃസംഘടനയ്ക്കെതിരെ വടക്കൻ കേരളത്തിൽ രാഷ്ട്രീയ പ്രതിഷേധവും ശക്തമായി. വിഭജന നടപടിയിൽ പ്രതിഷേധിച്ച് എം.കെ. രാഘവന്റെ നേതൃത്വത്തിൽ നിരവധി മലബാർ എംപിമാർ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ തിരുവോണദിനത്തിൽ ഏകദിന ധർണ നടത്തി.



