പുതിയ നീക്കത്തിലും തുടരുന്ന പഴുതുകൾ
ന്യൂഡൽഹി: അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണ-പാനീയ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിനായി പാക്കറ്റുകളുടെ മുൻവശത്ത് പ്രത്യേക മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാനുള്ള നിർദേശം മുന്നോട്ടുവച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
കൂടുതൽ കൊഴുപ്പ്, കൂടുതൽ പഞ്ചസാര, കൂടുതൽ ഉപ്പ് തുടങ്ങിയവയുണ്ടെന്ന് ഉപഭോക്താവിനെ അറിയിക്കാനാണ് നിർദേശം. ഉയർന്ന തോതിലുള്ള ആശങ്കാജനക പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത്തരം ദൃശ്യ മുന്നറിയിപ്പുകൾ സഹായിക്കുമെന്നാണ് അധികൃതരുടെ നിലപാട്.
ഫ്രണ്ട്-ഓഫ്-പാക്ക് വാർണിംഗ് ലേബലുകൾ (FOPWL) നടപ്പാക്കുന്നതിൽ FSSAIയും കേന്ദ്രസർക്കാരും സ്വീകരിച്ചിരുന്ന താമസത്തിനെതിരെ സുപ്രീം കോടതി നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ നിയന്ത്രണ നടപടികൾ വൈകുന്നതിന്റെ കാരണങ്ങൾ കോടതി ചോദ്യം ചെയ്യുകയും മുന്നറിയിപ്പ് ലേബലുകളെക്കുറിച്ചുള്ള അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രത്തോടും FSSAIയോടും ആവശ്യപ്പെടുകയും ചെയ്തു.
എങ്ങനെയായിരിക്കും മുന്നറിയിപ്പ് ലേബൽ?
നിർദേശപ്രകാരം പാക്കറ്റിന്റെ മുൻവശത്ത് വ്യക്തമായി കാണുന്ന രീതിയിൽ ചുവപ്പ് നിറത്തിലുള്ള ഹെക്സഗൺ അടയാളങ്ങൾ ഉപയോഗിക്കാനാണ് ആലോചന. ഉൽപ്പന്നത്തിൽ നിശ്ചിത പരിധിക്ക് മുകളിൽ ആശങ്കാജനകമായ പോഷകഘടകങ്ങൾ ഉണ്ടെങ്കിൽ അതിന്റെ സ്വഭാവം ഉപഭോക്താവിനെ നേരിട്ട് അറിയിക്കുന്ന രീതിയിലായിരിക്കും ലേബൽ.
ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) 2024-ൽ പുറത്തിറക്കിയ Dietary Guidelines for Indians-ൽ നിർദേശിച്ചിട്ടുള്ള പരിധികൾ അടിസ്ഥാനമാക്കാനാണ് നിർദേശം.
ഇത്തരത്തിലുള്ള ലേബലുകളുടെ പ്രധാന ലക്ഷ്യം വിശദമായ പോഷക പട്ടിക വായിക്കാൻ ഉപഭോക്താവിന് സമയം ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ്. പ്രത്യേകിച്ച് കുട്ടികളും മറ്റ് ആരോഗ്യപരമായി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗങ്ങളും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നത്തിന്റെ ആരോഗ്യപ്രശ്ന സാധ്യതകൾ വേഗത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.



