ഡാറ്റാ അധിഷ്ഠിത ഭരണത്തിലേക്ക് കേരളം;

Ajay Ghosh
2 Min Read

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ്ബോർഡുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി

കൊച്ചി: സംസ്ഥാന ഭരണനിർവഹണത്തെ കൂടുതൽ കാര്യക്ഷമവും വിവരാധിഷ്ഠിതവുമാക്കുന്നതിനായി കേരളം ഡാറ്റാ-ഡ്രിവൺ ഗവേണൻസ് സംവിധാനത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആവശ്യമായ ഡാഷ്ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

കാക്കനാട് സ്മാർട്ട്സിറ്റിയിലെ ലുലു ഐ.ടി. ട്വിൻ ടവേഴ്സിൽ അന്താരാഷ്ട്ര സൈബർ സുരക്ഷാ സ്ഥാപനമായ സൈബർ ഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്ററും (GDC) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസും (CoE) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണരംഗത്ത് ലഭ്യമായ വിവരങ്ങൾ ഏകോപിപ്പിച്ച് വിശകലനം ചെയ്ത് നയരൂപീകരണത്തിനും തീരുമാനമെടുക്കലിനും ഉപയോഗിക്കുന്ന രീതിയാണ് ഡാറ്റാ അധിഷ്ഠിത ഭരണത്തിന്റെ പ്രധാന ലക്ഷ്യം.

Ref.No:DPCI-PKD-50

വിവിധ മേഖലകളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിതമായി ലഭ്യമാകുന്നതോടെ ഭരണസംവിധാനത്തിന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും ആവശ്യമായ ഇടപെടലുകൾ വേഗത്തിൽ നടത്താനും സാധിക്കുമെന്നതാണ് ആശയം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ഥാപിക്കുന്ന ഡാഷ്ബോർഡുകൾ ഇതിന് ആവശ്യമായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതിനുമുള്ള സംവിധാനമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും നടപ്പാക്കൽ സംബന്ധിച്ച വിവരങ്ങൾ കൂടുതൽ ക്രമബദ്ധമായി വിലയിരുത്താൻ സാധിക്കും.

ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനം വ്യാപകമാകുന്നതിനൊപ്പം സർക്കാർ കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ സുരക്ഷയും നിർണായകമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിതവും പൗരസൗഹൃദവുമായ ഭരണാന്തരീക്ഷം സൃഷ്ടിക്കുന്നതിലും വിവരങ്ങൾ സംരക്ഷിക്കുന്നതിലും സൈബർ സുരക്ഷാ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഷെൽട്ടറിന്റെ പുതിയ ഗ്ലോബൽ ഡെലിവറി സെന്ററും സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസുമാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്. ബാങ്കിങ്, ഗവേണൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലായി കമ്പനി 700-ലധികം വലിയ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ സൈബർ ഡിഫൻസ് സെന്റർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ, എ.ഐ. അധിഷ്ഠിത Governance, Risk and Compliance (GRC) പ്ലാറ്റ്ഫോമുകൾ, Vulnerability Assessment and Penetration Testing (VAPT) സംവിധാനങ്ങൾ, അഡ്വാൻസ്ഡ് ത്രെറ്റ് ഇന്റലിജൻസ് യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൈബർ സുരക്ഷാ ഗവേഷണ ലാബുകളും ഉൽപ്പന്ന വികസന കേന്ദ്രങ്ങളും വിദഗ്ധ സംഘങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×