പാലക്കാട്: പ്രതികൂല കാലാവസ്ഥയിലും കുറഞ്ഞ ദൃശ്യപരതയിലും വാഹനമോടിക്കുന്നതിനിടയിലെ അപകടസാധ്യതകൾ തിരിച്ചറിയാൻ സഹായിക്കുന്ന ക്യാമറരഹിത സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ച് ഐ.ഐ.ടി. പാലക്കാട് ഗവേഷകർ. ഡ്രൈവറുടെയും വാഹനത്തിന്റെയും സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഗവേഷണത്തിന് വാഹനസുരക്ഷാ സാങ്കേതികവിദ്യയിൽ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ ഡ്രൈവർ നിരീക്ഷണം, റോഡ് സാഹചര്യം തിരിച്ചറിയൽ, അപകടസാധ്യതാ മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങളിൽ ക്യാമറകളും കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ വെളിച്ചക്കുറവ്, മഴ, മൂടൽമഞ്ഞ്, പൊടി തുടങ്ങിയ സാഹചര്യങ്ങൾ ക്യാമറ അധിഷ്ഠിത സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാം. ഇതിന് ബദലായാണ് ക്യാമറയെ ആശ്രയിക്കാത്ത സെൻസർ അധിഷ്ഠിത സമീപനം ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളിലും നിരീക്ഷണം
കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുന്നതാണ് സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഡ്രൈവിങിനിടെ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങളെ സെൻസറുകളിലൂടെ നിരീക്ഷിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.
ക്യാമറയുടെ ദൃശ്യവിവരങ്ങളെ ആശ്രയിക്കാത്തതിനാൽ, പരമ്പരാഗത ക്യാമറ അധിഷ്ഠിത സംവിധാനങ്ങൾ നേരിടുന്ന ചില പരിമിതികൾ മറികടക്കാൻ ഈ സമീപനത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.



