ചൊവ്വയുടെ ഉപഗ്രഹത്തിലേക്ക് ജപ്പാന്റെ നിർണായക ദൗത്യം; MMX ഒക്ടോബർ 20ന് വിക്ഷേപിക്കും

Martin Joy
1 Min Read

ടോക്കിയോ: ചൊവ്വയുടെ ഉപഗ്രഹങ്ങളിൽ ഒന്നായ ഫൊബോസിൽ നിന്ന് മണ്ണും പാറയും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ജപ്പാന്റെ ചരിത്രപ്രധാന ദൗത്യമായ മാർഷ്യൻ മൂൺസ് എക്സ്പ്ലോറേഷൻ (MMX) ഒക്ടോബർ 20ന് വിക്ഷേപിക്കും. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ JAXA ആണ് ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്.

ഒക്ടോബർ 20ന് പുലർച്ചെ 4.41ന് തനേഗാഷിമ സ്പേസ് സെന്ററിൽ നിന്ന് ജപ്പാന്റെ H3 റോക്കറ്റിലായിരിക്കും MMX പേടകം വിക്ഷേപിക്കുക. അമേരിക്കയിലെയും യൂറോപ്പിലെയും ബഹിരാകാശ ഏജൻസികളുടെയും വിവിധ സർവകലാശാലകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്.

ചൊവ്വയുടെ ഭ്രമണപഥത്തിൽ ഏകദേശം മൂന്ന് വർഷത്തോളം തുടരുന്ന പേടകം, ചൊവ്വയുടെ ഉപഗ്രഹമായ ഫൊബോസിൽ ഇറങ്ങി കുറഞ്ഞത് 10 ഗ്രാം സാമ്പിളുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള IDEFIX റോവർ ഫൊബോസിന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് വിശദമായ നിരീക്ഷണങ്ങൾ നടത്തും.

ചൊവ്വയുടെ മറ്റൊരു ഉപഗ്രഹമായ ഡീമോസിനെയും MMX നിരീക്ഷിക്കും. എന്നാൽ ഡീമോസിൽ പേടകം ഇറങ്ങില്ല. ശേഖരിക്കുന്ന സാമ്പിളുകൾ ഉൾക്കൊള്ളുന്ന റിട്ടേൺ ക്യാപ്സ്യൂൾ 2031ൽ ഭൂമിയിലേക്ക് മടങ്ങിയെത്തുകയും ഓസ്ട്രേലിയയിൽ ഇറങ്ങുകയും ചെയ്യുമെന്നാണ് JAXAയുടെ പദ്ധതി.

സൗരയൂഥത്തിന്റെ ഉത്ഭവം തേടി

ഫൊബോസിന്റെയും ചൊവ്വയുടെയും രൂപീകരണ ചരിത്രം മനസ്സിലാക്കുന്നതിനും സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനും ദൗത്യം നിർണായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സഹായകരമാകാം.

അതേസമയം, ഭാവിയിൽ മനുഷ്യരെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും MMXക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് JAXA വ്യക്തമാക്കുന്നത്.
ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടെ ഫൊബോസിനെ ഒരു ‘സ്വാഭാവിക ബഹിരാകാശ നിലയം’ പോലെ ഉപയോഗിക്കാനാകുമോ എന്ന സാധ്യതയും ദൗത്യം പരിശോധിക്കും. മനുഷ്യരുടെ ചൊവ്വാ പര്യവേഷണത്തിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് JAXA ഈ ദൗത്യത്തെ കാണുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×