കൊച്ചി: ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യലഹരിയിൽ കഴിയുന്നവരെ നീക്കം ചെയ്യാനും നിയമനടപടി സ്വീകരിക്കാനും റെയിൽവേ അധികൃതർക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. റെയിൽവേ ആക്ട്, 1989-ലെ 145(എ) വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മദ്യലഹരിയിലുള്ളവരെ തിരിച്ചറിയുന്നതിലും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും റെയിൽവേ അധികൃതർ ഏകപക്ഷീയമായി ഇടപെടാൻ സാധ്യതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ‘ലഹരിയിലുള്ള അവസ്ഥ’യ്ക്ക് നിയമത്തിൽ കൃത്യമായ നിർവചനം ഇല്ലാത്തത് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും മറ്റ് മൗലികാവകാശങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, 2023 സെപ്റ്റംബർ 14-ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇത്തരം നടപടികളിലെ ഏകപക്ഷീയത ഒഴിവാക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.

മദ്യലഹരി സംശയിക്കുന്ന വ്യക്തിയെ ആദ്യം ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കാം. ലഹരിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുകയും തുടർന്ന് ആവശ്യമായ സാഹചര്യത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും ചെയ്യാമെന്നാണ് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ക്രമസമാധാനം ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുമാണ് നിയമത്തിലെ വ്യവസ്ഥയെന്ന് റെയിൽവേ അധികൃതർ കോടതിയിൽ വ്യക്തമാക്കി. പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഈ നടപടി സഹായകരമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നിയമത്തിലെ വ്യവസ്ഥ നടപ്പാക്കുന്ന രീതി മാത്രം ചൂണ്ടിക്കാട്ടി ആ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അധികാരം ഏതെങ്കിലും സാഹചര്യത്തിൽ ഏകപക്ഷീയമായി വിനിയോഗിക്കപ്പെട്ടാൽ, അതിനെതിരെ ബന്ധപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.



