മോസ്കോ :ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളുടെയും സൈനിക വിന്യാസങ്ങളുടെയും നീക്കങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷിക്കുകയും അതിലൂടെ ലഭിച്ച വിവരങ്ങൾ ഇറാനുമായി പങ്കുവെച്ചിരിക്കാമെന്ന സംശയം ശക്തമാകുന്നു. യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളുടെ കൃത്യതയുമായി റഷ്യൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണങ്ങളും വിലയിരുത്തലുകളും നടക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് മുകളിലൂടെ മാർച്ച് 27ന് മുമ്പുള്ള ദിവസങ്ങളിൽ 14 റഷ്യൻ ഉപഗ്രഹങ്ങൾ കടന്നുപോയതായി ഉപഗ്രഹ ഭ്രമണപഥ വിവരങ്ങൾ വിശകലനം ചെയ്ത അന്വേഷണത്തിൽ കണ്ടെത്തിയതായി CNN റിപ്പോർട്ട് ചെയ്തു. ഈ ഉപഗ്രഹങ്ങളിൽ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾക്കൊപ്പം ഇലക്ട്രോണിക് ഇന്റലിജൻസ്, ഇൻഫ്രാറെഡ്, റഡാർ സംവിധാനങ്ങളുള്ള ഉപഗ്രഹങ്ങളും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

മാർച്ച് 27ന് പ്രിൻസ് സുൽത്താൻ എയർ ബേസിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായും ഒരു E-3 Sentry AWACS വിമാനം തകർന്നതായും റിപ്പോർട്ടുകളുണ്ട്. ദൂരപരിധിയിലുള്ള വിമാനങ്ങളെയും മിസൈലുകളെയും നിരീക്ഷിക്കാനും വ്യോമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സംവിധാനമാണ് AWACS.
ആക്രമണത്തിന് തൊട്ടുമുമ്പ് റഷ്യൻ ഉപഗ്രഹങ്ങൾ താവളത്തിന് മുകളിലൂടെ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. വിവിധ തരത്തിലുള്ള സെൻസറുകളുള്ള ഉപഗ്രഹങ്ങൾ തുടർച്ചയായി പ്രദേശം നിരീക്ഷിച്ചതിലൂടെ താവളത്തിലെ വിമാനങ്ങളുടെയും മറ്റ് സൈനിക സംവിധാനങ്ങളുടെയും വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



