കൊച്ചി : സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇനി കൃത്യമായി നിരീക്ഷിക്കും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നത് പരിശോധിച്ച് മാസംതോറും റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഹൈലെവൽ മോണിറ്ററിങ് കമ്മിറ്റിക്ക് നിർദേശം നൽകി.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സെപ്റ്റംബർ 16ന് നിർദേശം നൽകിയത്. സുപ്രീംകോടതി നിർദേശങ്ങളുടെ സംസ്ഥാനതല നടപ്പാക്കൽ നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഓരോ തദ്ദേശ സ്ഥാപനത്തിലെയും തെരുവുനായ നിയന്ത്രണ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് എല്ലാ മാസവും 10-ാം തീയതിക്കകം ഹൈക്കോടതിയിൽ സമർപ്പിക്കണം എന്നാണ് മോണിറ്ററിങ് കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സംവിധാനം തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരും.
തദ്ദേശ സ്ഥാപനങ്ങളെ സുപ്രീംകോടതി നിർദേശങ്ങൾ പൂർണമായി പാലിച്ചവ, ഭാഗികമായി പാലിച്ചവ, പാലിക്കാത്തവ എന്നിങ്ങനെ വേർതിരിച്ചായിരിക്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഭാഗികമായി പാലിച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ നടപടികളാണ് ബാക്കിയുള്ളതെന്നും അതിന് കാരണമെന്തെന്നും വ്യക്തമാക്കണം. നിർദേശങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണവും സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ രേഖപ്പെടുത്തണം.



