കേരളത്തിന്റെ സ്നേഹവും സൗഹൃദവും ഏറ്റുവാങ്ങി അൻവർ ഇബ്രാഹിം
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ കേരള സന്ദർശനത്തിന് കോഴിക്കോട് സ്നേഹോഷ്മളമായ വരവേൽപ്പ്. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് മർകസ് കേന്ദ്ര ക്യാമ്പസിൽ എത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
മർകസിലെത്തിയ പ്രധാനമന്ത്രിക്ക് പ്രത്യേക സ്വീകരണവും പ്രാർഥനാ സംഗമവും ഒരുക്കിയിരുന്നു. മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയത്തിനും സന്ദർശനം വേദിയായി. വിദ്യാഭ്യാസം, സാമൂഹിക വികസനം, പരസ്പര സൗഹൃദം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ പ്രധാനമായി.

മർകസ് സന്ദർശനത്തിന് ശേഷം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരോടൊപ്പം മടവൂർ സി.എം. വലിയുള്ളാഹി മഖാമിലും മലേഷ്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തി.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക സൗഹൃദത്തിന്റെ മറ്റൊരു മനോഹര അധ്യായമായി മാറിയ സന്ദർശനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായും അൻവർ ഇബ്രാഹിം കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ ശ്രദ്ധേയമായി.
കേരളവും മലേഷ്യയും തമ്മിലുള്ള ജനകീയ ബന്ധത്തിനും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ സഹകരണത്തിനും കൂടുതൽ ഊർജം പകരുന്നതാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനം.
കേരളത്തിന്റെ മണ്ണിലേക്ക് എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് സ്നേഹവും സൗഹൃദവും നിറഞ്ഞ സ്വാഗതം.



