മുള്ളൂർക്കര : നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ യാഥാർത്ഥ്യമായ തെക്കേക്കര വിഭാഗത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വാടവരമ്പിൽ നടന്നു. തെക്കേക്കര കാവടി സംഘത്തിന്റെ ദീർഘകാല സ്വപ്നമായിരുന്നു സ്വന്തമായി ഒരു ഓഫീസ് എന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രദേശവാസികൾ ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.

തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ ജയന്തി സി ആർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തെക്കേക്കര കാവടി സംഘം അധ്യക്ഷൻ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. വടക്കാഞ്ചേരി പോലീസ് ഐ എസ് എച്ച് ഓ അനൂപ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. മുംതാസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത മോഹനൻ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എം കെ ബാലൻ, ഇരുനിലംകോട് ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് രാഘവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നാട്ടുകാരുടെ കൂട്ടായ്മയും സഹകരണവും കൊണ്ട് യാഥാർത്ഥ്യമായ ഈ ഓഫീസ് തെക്കേക്കര പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്മകൾക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ നിരവധി നാട്ടുകാരും ജനപ്രതിനിധികളും കാവടി സംഘം പ്രവർത്തകരും പങ്കെടുത്തു. തെക്കേക്കര കാവടി സംഘം ട്രഷറർ വിശ്വൻ നന്ദി രേഖപ്പെടുത്തി. നാട്ടുകാരുടെ ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അടയാളമായി മാറുകയാണ് തെക്കേക്കര കാവടി സംഘത്തിന്റെ പുതിയ ഓഫീസ്.




