ബെംഗളൂരു: വിദ്യാർത്ഥികളിൽ ചെറുപ്രായം മുതൽ ഡിജിറ്റൽ സാക്ഷരതയും കമ്പ്യൂട്ടർ പരിജ്ഞാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ സയൻസ് ഡിജിറ്റൽ പാഠപുസ്തകങ്ങൾ പുറത്തിറക്കി. ദേശീയ പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, സാങ്കേതികവിദ്യയുമായി കുട്ടികളെ പരിചയപ്പെടുത്തുന്ന ലളിതമായ പഠനവിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ പാഠപുസ്തകങ്ങളിൽ അധ്യാപകർക്കായി പ്രത്യേക മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറിയിലെ പഠനം കൂടുതൽ ആകർഷകമാക്കുന്നതിനും വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ, ചോദ്യോത്തരങ്ങൾ, വീഡിയോ അധിഷ്ഠിത പഠനസഹായങ്ങൾ, ഇന്ററാക്ടീവ് അഭ്യാസങ്ങൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് സ്കൂളിലും വീട്ടിലും ഒരുപോലെ പഠിക്കാൻ കഴിയുന്ന രീതിയിൽ പാഠപുസ്തകങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും. മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിലൂടെ പുസ്തകങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്നതിനാൽ പഠനത്തിലെ സൗകര്യവും ലഭ്യതയും വർധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു.




