തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ചരിത്രത്തോടും വികസനത്തോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ 95-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ റെയിൽവേ സംഘടിപ്പിച്ച ‘സ്റ്റേഷൻ മഹോത്സവ്’ എന്ന ആഘോഷപരിപാടി ചരിത്രപ്രാധാന്യവും പൈതൃകവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേറിട്ട വേദിയായി മാറി. റെയിൽവേ ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികൾ, റെയിൽവേ ചരിത്രത്തിൽ താൽപ്പര്യമുള്ളവർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ ആഘോഷത്തിന്റെ ഭാഗമായി.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) നേതൃത്വത്തിലുള്ള ഫ്ലാഗ് മാർച്ചോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ആകാശത്തേക്ക് ബലൂണുകൾ പറത്തിയുള്ള ആഘോഷവും നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ പ്രൗഢിയും നഗരത്തിന്റെ വികസനത്തിൽ സ്റ്റേഷൻ വഹിച്ച നിർണായക പങ്കും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടികൾ. ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ പ്രത്യേകമായി ഒരുക്കിയ ബലൂൺ ആർച്ച് ഉദ്ഘാടനം ചെയ്തു.
1931 മുതൽ 2026 വരെ; വളർച്ചയുടെ 95 വർഷങ്ങൾ
1931 നവംബർ 4-നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒരൊറ്റ പ്ലാറ്റ്ഫോമും പ്രതിദിനം രണ്ട് ട്രെയിൻ സർവീസുകളുമുണ്ടായിരുന്ന സ്റ്റേഷൻ ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ ടെർമിനലുകളിലൊന്നായി വളർന്നിരിക്കുകയാണ്.
ദശാബ്ദങ്ങൾ നീണ്ട വളർച്ചയിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്നാടിന്റെ തെക്കൻ മേഖലകളിലേക്കുമുള്ള യാത്രക്കാരുടെ പ്രധാന ഗതാഗതകേന്ദ്രമായി തിരുവനന്തപുരം സെൻട്രൽ മാറി. തലസ്ഥാന നഗരിയുടെ സാമ്പത്തിക, സാമൂഹിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയിലും സ്റ്റേഷൻ നിർണായക പങ്കുവഹിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ദീർഘകാല പാരമ്പര്യവും ചരിത്രപ്രാധാന്യമുള്ള സ്റ്റേഷനുകളുടെ സംഭാവനയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി രാജ്യത്തെ 103 പൈതൃക റെയിൽവേ സ്റ്റേഷനുകളിലാണ് ‘സ്റ്റേഷൻ മഹോത്സവ്’ സംഘടിപ്പിക്കുന്നത്. റെയിൽവേയുടെ ചരിത്രം, പ്രാദേശിക സംസ്കാരം, വാസ്തുവിദ്യ, പഴയകാല യാത്രാനുഭവങ്ങൾ എന്നിവ പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.



