ഇന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയായ വിടവാങ്ങുമ്പോൾ നിശ്ശബ്ദമാകുന്നത് ഒരു ശബ്ദമല്ല; കോടിക്കണക്കിന് ഹൃദയങ്ങളുടെ ഓർമ്മകളിൽ പതിഞ്ഞ ഒരു കാലഘട്ടമാണ്.
പാട്ടിന്റെ ഓലത്തുമ്പിലിരുത്തി തലമുറകളെ കാതരമായി പാടിയുറക്കിയ പൈങ്കിളിയായിരുന്നു ജാനകിയമ്മ.
അവരുടെ ശബ്ദം വെറും സംഗീതമായിരുന്നില്ല- അത് അമ്മയുടെ താരാട്ടും, പ്രണയത്തിന്റെ നിശ്വാസവും, വിരഹത്തിന്റെ കണ്ണീരും, ഭക്തിയുടെ നിർമലതയും, ജീവിതത്തിന്റെ എല്ലാ വികാരങ്ങൾക്കും ഭാഷയായി മാറിയ അനശ്വര സ്വരവുമായിരുന്നു.
ആ പൈങ്കിളി ഇന്ന് പാടി പറന്നകന്നെങ്കിലും, അവർ പാടിയ ഗാനങ്ങൾ മലയാളിയുടെയും ഇന്ത്യൻ സംഗീതാസ്വാദകരുടെയും ഹൃദയങ്ങളിൽ അനശ്വരമായി മുഴങ്ങിക്കൊണ്ടിരിക്കും.
ജന്മനാ ലഭിച്ച അസാമാന്യമായ ശബ്ദമാധുര്യവും സംഗീതത്തെ ആരാധനയായി കണ്ട സമർപ്പണബോധവും കൊണ്ട് ജാനകിയമ്മ ആറു പതിറ്റാണ്ടിലേറെ ഇന്ത്യൻ സംഗീതലോകത്തെ സമ്പന്നമാക്കി.
1957-ൽ ആരംഭിച്ച സംഗീതയാത്ര 2017-ൽ അവർ സ്വയം അവസാനിപ്പിക്കുന്നതുവരെ അനേകം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളുടെ വികാരങ്ങൾക്ക് അവർ സ്വരം നൽകി.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പതിനാലു തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയും ഉൾപ്പെടെ അനേകം ബഹുമതികൾ അവർ നേടിയെങ്കിലും, ജനഹൃദയങ്ങളിൽ നേടിയ സ്ഥാനം അതിനെല്ലാം മുകളിലായിരുന്നു.
ഏറെ വൈകി ലഭിച്ച പത്മഭൂഷൺ വിനയപൂർവം നിരസിച്ച അവരുടെ നിലപാട് ഒരു കലാകാരിയുടെ ആത്മാഭിമാനത്തിന്റെ ഉജ്ജ്വല പ്രഖ്യാപനമായിരുന്നു.
വസന്തപഞ്ചമി നാളിൽ…തളിരിട്ട കിനാക്കൾ… താമരക്കുമ്പിളല്ലോ… അവിടുന്നേൻ ഗാനം കേൾക്കാൻ… എൻ പ്രാണനായകനെ… ഇന്നലെ നീയൊരു…ഇങ്ങനെ എത്രയോ ഗാനങ്ങൾ ഇന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നആ ഗാനങ്ങൾ കേൾക്കുമ്പോഴെല്ലാം ഇനി മുതൽ ഒരു മധുരനൊമ്പരം മനസ്സിൽ ഉണരും, കാരണം ആ സ്വരത്തിന് ഇനി പുതിയ ഗാനങ്ങളില്ല; പക്ഷേ ആ ഗാനങ്ങൾക്ക് ഒരിക്കലും മരണമില്ല.
ജാനകിയമ്മയുടെ വേർപാട് സംഗീതലോകത്തിന്റേതു മാത്രമല്ല; അവരുടെ ഗാനങ്ങളോടൊപ്പം ജീവിച്ച ഓരോ മനുഷ്യന്റെയും വ്യക്തിപരമായ നഷ്ടമാണ്.
-
ചില മനുഷ്യർ വിടപറയും – എന്നാൽ അവർ സൃഷ്ടിച്ച സൗന്ദര്യം ഒരിക്കലും വിടപറയില്ല. ചില ശബ്ദങ്ങൾ കാലത്തിന്റെ മൗനത്തിൽ അലിഞ്ഞുപോകില്ല. അവ കാറ്റിന്റെ ഈണമായും, മഴയുടെ സംഗീതമായും, ഓർമ്മകളുടെ സ്പന്ദനമായും എന്നും നമ്മോടൊപ്പമുണ്ടാകും.
പ്രിയ ജാനകിയമ്മ, നിങ്ങൾ പാടിയ പാട്ടുകൾ ഞങ്ങൾക്ക് ഒരിക്കലും വിടപറയാനാകുന്ന പാട്ടുകളല്ല. അവ കേൾക്കുന്നിടത്തോളം താരാട്ടിന്റെ താളമായും, പ്രണയത്തിന്റെ മധുരമായും, വിരഹത്തിന്റെ നൊമ്പരമായും, സ്വപ്നങ്ങളുടെ ഈണമായും അങ്ങ് ഓരോ ഹൃദയത്തിലും ജീവിച്ചുകൊണ്ടിരിക്കും. ഓർമ്മകൾ മങ്ങും വരെ മാത്രമല്ല, സംഗീതം ഈ ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം അങ്ങും അങ്ങയുടെ ഗാനങ്ങളും വസന്തപൗർണമിയുടെ നിലാവുപോലെ മനുഷ്യഹൃദയങ്ങളിൽ പെയ്തുകൊണ്ടേയിരിക്കും.
ലോലവും ആർദ്രവും കാതരവുമായ ആ ശബ്ദത്തിലൂടെ ഞങ്ങളുടെ ഉള്ളിൽ സ്നേഹവും കരുണയും പ്രണയവും വിരഹവും ഭക്തിയും ഉണർത്തിയതിന്… മനുഷ്യനായി ജീവിക്കാൻ (പലപ്പോഴും മറക്കുന്ന ഈ ലോകത്ത്) വികാരങ്ങളുടെ മഹത്വം പഠിപ്പിച്ചതിന്… നന്ദി, ജാനകിയമ്മ.
പ്രണാമം… 🙏🌹
✍️ ബഷീർ വടകര



