സ്മാർട്ട്ഫോൺ ക്യാമറയിൽ ഇനി മീനുകളുടെ നീളവും വീതിയും അളക്കാം

Krishna Kumar
1 Min Read

കൊച്ചി: മീനുകളെ നേരിട്ട് കൈകൊണ്ട് പിടിക്കാതെയും പരമ്പരാഗത അളവുപകരണങ്ങൾ ഉപയോഗിക്കാതെയും അവയുടെ നീളവും വീതിയും കണക്കാക്കാൻ സഹായിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (ICAR-CMFRI). ‘മത്സ്യമെട്രി (MatsyaMetri)’ എന്ന പേരിലുള്ള ആപ്പ് സ്മാർട്ട്ഫോൺ ക്യാമറയും ഓഗ്മെന്റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് മത്സ്യങ്ങളുടെ അളവുകൾ രേഖപ്പെടുത്തുന്നത്.

മത്സ്യസമ്പത്തിന്റെ ശാസ്ത്രീയ വിലയിരുത്തലിനും ഫീൽഡ് സർവേകളിലെ വിവരശേഖരണത്തിനും കൂടുതൽ വേഗതയും കൃത്യതയും കൈവരിക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തൽ. മൊബൈൽ ഫോണിന്റെ ക്യാമറ മീനിന് നേരെ പിടിച്ചാണ് മത്സ്യമെട്രിയുടെ പ്രവർത്തനം.

സ്ക്രീനിൽ ലഭിക്കുന്ന പ്രത്യേക മെഷറിങ് ഗൈഡിന്റെ സഹായത്തോടെ മത്സ്യത്തിന്റെ നീളവും വീതിയും കണക്കാക്കാം. അതിനാൽ ഓരോ മീനിനെയും കൈകൊണ്ട് എടുത്ത് അളക്കേണ്ടതില്ല. ഫീൽഡ് സർവേകളിലും മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനയിലും ഇത് പ്രക്രിയ ലളിതമാക്കും.

Ref.No:DPCI-PKD-50

ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരു സാംപ്ലിങ് സെഷനിൽ തന്നെ രേഖപ്പെടുത്താൻ മത്സ്യമെട്രിയിൽ സംവിധാനമുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ സ്വയമേവ ക്രമീകരിച്ച് length-frequency data ആയി തയ്യാറാക്കാനും കഴിയും. മത്സ്യങ്ങളുടെ ജനസംഖ്യാ ഘടന, വിഭവനിരീക്ഷണം, സ്റ്റോക്ക് അസസ്മെന്റ് തുടങ്ങിയ ശാസ്ത്രീയ പഠനങ്ങൾക്ക് ഇത്തരം വിവരങ്ങൾ ഏറെ പ്രധാനമാണ്.

ഒരു പ്രദേശത്തെ മത്സ്യസമ്പത്തിന്റെ നില മനസ്സിലാക്കാൻ വിവിധ ഇനങ്ങളിലെ മത്സ്യങ്ങളുടെ നീളം, പ്രായഘടന, എണ്ണം തുടങ്ങിയ വിവരങ്ങൾ തുടർച്ചയായി ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യസമ്പത്തിന്റെ ലഭ്യതയും ഭാവിയിലെ വിഭവനിലയും വിലയിരുത്തുന്നത്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×