മോസ്കോ, : റഷ്യൻ തലസ്ഥാനമായ മോസ്കോയെയും സെന്റ് പീറ്റേഴ്സ്ബർഗിനെയും ലക്ഷ്യമിട്ട് ആയിരക്കണക്കിന് ദീർഘദൂര ഡ്രോണുകൾ വിന്യസിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. യുദ്ധം ഇപ്പോൾ ആകാശ നിയന്ത്രണത്തെ കേന്ദ്രീകരിച്ചുള്ള പുതിയ ഘട്ടത്തിലേക്ക് കടന്നതായി അദ്ദേഹം ടെലഗ്രാം സന്ദേശങ്ങളിൽ വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പരാമർശിച്ച്, “മോസ്കോയ്ക്ക് മുകളിലൂടെ നൂറ് ഡ്രോണുകൾ മാത്രമല്ല, ആയിരം ഡ്രോണുകൾ പറക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അദ്ദേഹം നേരിട്ട് അനുഭവിക്കേണ്ടിവരും,” എന്നാണ് സെലെൻസ്കി പറഞ്ഞത്.

ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ ഇന്ധന-ഊർജ മേഖലയെയും വിതരണ ശൃംഖലയെയും ബാധിച്ചിട്ടുണ്ടെന്നും, ഇതിലൂടെ റഷ്യയുടെ ലോജിസ്റ്റിക് സംവിധാനത്തിന് തിരിച്ചടി നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ കൂടുതൽ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റർസെപ്റ്റർ മിസൈലുകളും അടിയന്തരമായി ലഭ്യമാക്കണമെന്ന് സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് വീണ്ടും അഭ്യർഥിച്ചു.

യുക്രൈൻ റഷ്യൻ ഭൂപ്രദേശത്ത് നടത്തുന്ന ദീർഘദൂര ഡ്രോൺ ആക്രമണങ്ങളെ റഷ്യ വീണ്ടും അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അവയെ “ഭീകരാക്രമണങ്ങൾ” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.

×