സത്യത്തിന്റെയും നീതിയുടെയും ശബ്ദമായി മാധ്യമങ്ങൾ; ഇന്ന് നവംബർ 16 ദേശീയ മാധ്യമ ദിനം
”വാർത്തയുടെ വേഗതയല്ല,
സത്യമാണ്, മാധ്യമങ്ങളുടെ ശക്തി”
ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിക്കപ്പെടുന്ന മാധ്യമങ്ങളുടെ ഉത്തരവാദിത്വവും പ്രാധാന്യവും ഓർമ്മപ്പെടുത്തുന്ന ദിനം ആണിത്. 1966 നവംബർ 16ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദേശീയ മാധ്യമ ദിനം ആചരിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമല്ല സാധാരണക്കാരുടെ പ്രശ്നങ്ങളും അവകാശങ്ങളും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്.
ഇന്ന് മാധ്യമലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പത്രങ്ങളും ടെലിവിഷൻ ചാനലുകളും മാത്രമല്ല ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വാർത്താ രംഗത്ത് നിർണായക പങ്കുവഹിക്കുന്നു.എന്നാൽ വാർത്തകൾ അതിവേഗം പ്രചരിക്കുന്ന ഈ കാലത്ത് സത്യാവസ്ഥ ഉറപ്പുവരുത്താതെ വാർത്തകൾ നൽകുന്നതും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളിയാണ്.
വാർത്തയുടെ വേഗതയേക്കാൾ പ്രാധാന്യം വാർത്തയുടെ സത്യസന്ധതയാണ്. രാഷ്ട്രീയമോ വ്യക്തിപരമായ താല്പര്യങ്ങളോ പരിഗണിക്കാതെ ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുമ്പോഴാണ് മാധ്യമപ്രവർത്തനത്തിന് യഥാർത്ഥ അർത്ഥം ഉണ്ടാകുന്നത്. പ്രത്യേകിച്ച് പ്രാദേശിക മാധ്യമപ്രവർത്തനം സാധാരണക്കാരുടെ ശക്തമാണ്. ഒരു നാടിന്റെ വികസന പ്രശ്നങ്ങളും ജനങ്ങളുടെ പരാതികളും അവഗണിക്കപ്പെടുന്ന വിഷയങ്ങളും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിൽ പ്രാദേശിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.
മാധ്യമസ്വാതന്ത്ര്യം എന്നത് വാർത്തകൾ നൽകുന്ന സ്വാതന്ത്ര്യം മാത്രമല്ല, സത്യത്തിനും നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ഉത്തരവാദിത്വത്തോടെ നിലകൊള്ളുന്ന കടമ കൂടിയാണ്. സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കാനും ജനങ്ങളുടെ ശബ്ദമായി മാറാനും എല്ലാം മാധ്യമപ്രവർത്തകർക്കും കഴിയട്ടെ.
വാർത്തകൾ വെറും വിവരങ്ങൾ അല്ല അത് ജനങ്ങളുടെ ശബ്ദമാണ്. സത്യം പറയുക സത്യത്തിനൊപ്പം നിൽക്കുക.
ദേശീയ മാധ്യമ ദിനാശംസകൾ
DPCI NEWS MEDIA
Mullurkara

