ന്യൂഡൽഹി: വൈദ്യശാസ്ത്രരംഗത്ത് നിർണായക നേട്ടവുമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വളരുന്ന കുഞ്ഞിന്റെ നട്ടെല്ലിലെ ഗുരുതരമായ ജന്മനാ വൈകല്യം പരിഹരിക്കാൻ ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ഫീറ്റൽ സർജറി വിജയകരമായി നടത്തി എയിംസ് ഡോക്ടർമാർ ചരിത്രം കുറിച്ചു. ഗർഭാവസ്ഥയുടെ 25-ാം ആഴ്ചയിൽ നടത്തിയ അതിസങ്കീർണമായ ശസ്ത്രക്രിയ ആറു മണിക്കൂറോളം നീണ്ടുനിന്നു. നവംബർ 12-നായിരുന്നു ശസ്ത്രക്രിയ.
ഗർഭസ്ഥശിശുവിന് കണ്ടെത്തിയ ‘ലംബോസാക്രൽ മയലോമെനിംഗോസീൽ’ (Lumbosacral Myelomeningocele) എന്ന ഗുരുതരമായ നട്ടെല്ല് സംബന്ധമായ വൈകല്യമാണ് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്. സ്പൈന ബിഫിഡ (Spina Bifida) എന്ന ജന്മനാ ഉണ്ടാകുന്ന വൈകല്യത്തിന്റെ ഏറ്റവും ഗുരുതരമായ രൂപങ്ങളിലൊന്നാണിത്. നട്ടെല്ല് പൂർണമായി അടയാത്തതിനെത്തുടർന്ന് സുഷുമ്നാനാഡിയും അതിനെ സംരക്ഷിക്കുന്ന ആവരണങ്ങളും നട്ടെല്ലിലെ വിടവിലൂടെ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണിത്.

സാധാരണയായി കുഞ്ഞ് ജനിച്ചതിനുശേഷമാണ് ഇത്തരം വൈകല്യങ്ങൾക്ക് ശസ്ത്രക്രിയ നടത്താറുള്ളത്. എന്നാൽ ഗർഭാവസ്ഥയിൽത്തന്നെ ശസ്ത്രക്രിയ നടത്തി പുറത്തേക്ക് തള്ളിനിൽക്കുന്ന നാഡീകലകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് എയിംസ് ഡോക്ടർമാർ നടത്തിയത്. ഇന്ത്യയിലെ ഭ്രൂണചികിത്സാ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ നേട്ടം.
ന്യൂറോസർജറി വിഭാഗത്തിലെ ഡോ. ദീപക് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയയുടെ പ്രധാന ന്യൂറോസർജിക്കൽ നടപടികൾ. മാതൃ-ഭ്രൂണ ചികിത്സാ വിഭാഗത്തിലെയും പ്രസവചികിത്സാ വിഭാഗത്തിലെയും ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണ ശർമ എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധരും നേതൃത്വം നൽകി.
പ്രസവചികിത്സ, മാതൃ-ഭ്രൂണ ചികിത്സ, ന്യൂറോസർജറി, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി, റേഡിയോളജി, നവജാതശിശു ചികിത്സ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽനിന്നുള്ള മുപ്പതിലധികം ഡോക്ടർമാരും നഴ്സുമാരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
എന്താണ് മയലോമെനിംഗോസീൽ?
ഗർഭസ്ഥശിശുവിന്റെ തലച്ചോറും സുഷുമ്നാനാഡിയും രൂപപ്പെടുന്ന ന്യൂറൽ ട്യൂബ് (Neural Tube) ഗർഭധാരണത്തിന്റെ ആദ്യഘട്ടത്തിൽ പൂർണമായി അടയാതെ വരുമ്പോഴാണ് സ്പൈന ബിഫിഡ എന്ന അവസ്ഥയുണ്ടാകുന്നത്.
ഇതിന്റെ ഗുരുതരമായ രൂപമാണ് മയലോമെനിംഗോസീൽ. ഈ അവസ്ഥയിൽ നട്ടെല്ലിലെ ഒരു ഭാഗത്ത് വിടവ് രൂപപ്പെടുകയും അതിലൂടെ സുഷുമ്നാനാഡിയുടെ ഭാഗങ്ങളും അതിന്റെ സംരക്ഷണ ആവരണങ്ങളും പുറത്തേക്ക് തള്ളിവരികയും ചെയ്യുന്നു. ഇതോടെ നാഡീകലകൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നു. രോഗത്തിന്റെ തീവ്രതയും നട്ടെല്ലിൽ വൈകല്യം സംഭവിച്ചിരിക്കുന്ന ഭാഗവും അനുസരിച്ച് കുഞ്ഞിന് വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ സ്വപ്നം
എയിംസിൽ പ്രത്യേക ഫീറ്റൽ സർജറി സംവിധാനം വികസിപ്പിക്കാനുള്ള ആലോചനകൾക്ക് 2012-ൽത്തന്നെ തുടക്കമിട്ടിരുന്നു. മയലോമെനിംഗോസീൽ ചികിത്സയെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠനങ്ങളുടെ ഫലങ്ങൾ പുറത്തുവന്നതോടെയാണ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാൽ ഇത്തരം ശസ്ത്രക്രിയ ഒരു ഡോക്ടറുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം പ്രവർത്തനത്തിലൂടെ സാധ്യമാകുന്നതല്ല. വിദഗ്ധരായ ന്യൂറോസർജന്മാർ, മാതൃ-ഭ്രൂണ ചികിത്സാ വിദഗ്ധർ, അനസ്തേഷ്യാ വിഭാഗം, നവജാതശിശു ചികിത്സാ വിഭാഗം, അത്യാഹിത പരിചരണ സംവിധാനം തുടങ്ങിയവയുടെ ഏകോപനം അനിവാര്യമാണ്.
ഈ ശസ്ത്രക്രിയയുടെ മറ്റൊരു പ്രധാന സവിശേഷത ചികിത്സയ്ക്കായി കുടുംബത്തിന് ചെലവൊന്നും വഹിക്കേണ്ടിവന്നില്ല എന്നതാണ്. കേന്ദ്രസർക്കാരിന്റെ ജനനി ശിശു സുരക്ഷാ കാര്യക്രം (Janani Shishu Suraksha Karyakram – JSSK) പദ്ധതിയുടെ കീഴിലാണ് ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്.
