റാവൽപിണ്ടി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പുതിയ താരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന്റെ തീരുമാനം വൻ വിജയത്തിലേക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച നാലു താരങ്ങളും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തതോടെ അപൂർവ റെക്കോർഡും പാകിസ്താൻ സ്വന്തമാക്കി. 149 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഒരു ടീമിന്റെ മൂന്ന് അരങ്ങേറ്റ താരങ്ങൾ ഒരേ ഇന്നിങ്സിൽ അർധസെഞ്ചുറി നേടുന്നത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് പാകിസ്താൻ ഈ ചരിത്രനേട്ടം കുറിച്ചത്.
ടയ്യബ് ആരിഫ്, മുഹമ്മദ് താഹ, അറാഫത്ത് മിൻഹാസ്, സാഖിബ് ഖാൻ എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പാകിസ്താനുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇവരിൽ ബാറ്റിങ്ങിൽ ടയ്യബ് ആരിഫ്, മുഹമ്മദ് താഹ, അറാഫത്ത് മിൻഹാസ് എന്നിവർ അർധസെഞ്ചുറി നേടി തിളങ്ങിയപ്പോൾ പേസ് ബൗളറായ സാഖിബ് ഖാൻ പന്തുകൊണ്ടും ശ്രദ്ധേയ പ്രകടനം നടത്തി.

മൂന്ന് അരങ്ങേറ്റക്കാർക്ക് അർധസെഞ്ചുറി; ചരിത്രം ആവർത്തിച്ച് പാകിസ്താൻ
പാകിസ്താന്റെ ഒന്നാം ഇന്നിങ്സിലാണ് അപൂർവ നേട്ടം പിറന്നത്. ഓപ്പണറായി ഇറങ്ങിയ ടയ്യബ് ആരിഫ് തുടക്കം മുതൽ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്തു. വെറും 51 പന്തിൽ 57 റൺസാണ് താരം നേടിയത്. ഒൻപത് ഫോറുകളും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ വേഗമേറിയ ബാറ്റിങ്ങിലൂടെ ടയ്യബ് പാക് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.
ടയ്യബിനൊപ്പം ഓപ്പണിങ്ങിനെത്തിയ അസാൻ അവൈസ് 30 റൺസും നേടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു. ടയ്യബിന്റെ വിക്കറ്റ് അസിത ഫെർണാണ്ടോയാണ് വീഴ്ത്തിയത്. തുടർന്ന് ബാറ്റിങ്ങിനെത്തിയ മുഹമ്മദ് താഹ കൂടുതൽ ക്ഷമയോടെയും ഉത്തരവാദിത്വത്തോടെയും കളിച്ചു. 105 പന്തുകൾ നേരിട്ട താരം 51 റൺസ് നേടി. പ്രതിസന്ധി ഘട്ടങ്ങളിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവാണ് താഹയുടെ പ്രകടനത്തിൽ പ്രകടമായത്.
രണ്ടാം ദിനം എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ അറാഫത്ത് മിൻഹാസും അർധസെഞ്ചുറി നേടി ചരിത്രനേട്ടം പൂർത്തിയാക്കി. 72 പന്തിൽ 52 റൺസാണ് മിൻഹാസ് നേടിയത്. ഒൻപത് ഫോറുകളും ഒരു സിക്സും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. മിൻഹാസിന്റെ നിർണായക സംഭാവനയാണ് പാകിസ്താനെ 400 റൺസ് കടക്കാൻ സഹായിച്ചത്.
ടെസ്റ്റ് ടീമിൽ മാറ്റങ്ങൾ വരുത്തി നാല് പുതുമുഖ താരങ്ങൾക്ക് ഒരുമിച്ച് അവസരം നൽകിയ പാകിസ്താന്റെ നീക്കം മത്സരത്തിൽ നിർണായകമായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചത്.
അരങ്ങേറ്റ മത്സരത്തിലെ സമ്മർദം മറികടന്ന് മൂന്ന് താരങ്ങൾ ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടുകയും മറ്റൊരു താരം പന്തുകൊണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തത് പാകിസ്താൻ ക്രിക്കറ്റിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
പുതുമുഖങ്ങളുടെ മികവിൽ ചരിത്രം കുറിച്ച പാകിസ്താൻ, ഈ പ്രകടനം പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.



