മലയാള സിനിമയിലെ അഭിനയപ്രതിഭകളായ നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാനമായി ഒരുമിച്ചെത്തുന്ന ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീട്’ നവംബർ 20ന് തിയേറ്ററുകളിലെത്തും. ദേശീയ പുരസ്കാര ജേതാവും ശ്രദ്ധേയ ചലച്ചിത്രകാരനുമായ ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് മലയാള സിനിമാപ്രേമികൾക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ.

ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ നിർബന്ധത്തെത്തുടർന്ന് നഗരത്തിലെ ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന സാമുവലിന് ആ ജീവിതം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു. തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പഴയ വീടും ഓർമ്മകളും സൗഹൃദങ്ങളും പ്രകൃതിയുമായുള്ള ബന്ധവും അയാളെ നിരന്തരം വേട്ടയാടുന്നു.
ഒരു അപകടത്തെത്തുടർന്ന് സാമുവൽ ആശുപത്രിയിലാകുന്നതോടെ മകൻ ഡേവിസും കൊച്ചുമകൻ സ്റ്റീവും നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആശുപത്രിക്കിടക്കയിൽനിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു. കൊച്ചുമകൻ സ്റ്റീവിനെയും കൂട്ടി അദ്ദേഹം നടത്തുന്ന യാത്രയാണ് പിന്നീട് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലമായി മാറുന്നത്.
തന്റെ പഴയ സുഹൃത്തുക്കളെയും ഓറഞ്ച് തോട്ടങ്ങളുടെ മനോഹാരിതയെയും തേടിയുള്ള സാമുവലിന്റെ യാത്ര ഒരേസമയം വൈകാരികവും ഉദ്വേഗജനകവുമാണ്. പി. ബാലചന്ദ്രനും ജയപ്രകാശ് കുളൂരും സാമുവലിന്റെ പഴയകാല സുഹൃത്തുക്കളായി ചിത്രത്തിലെത്തുന്നു.
ഒരു സാധാരണ യാത്രയുടെ കഥ എന്നതിലുപരി, ആഴത്തിലുള്ള സാമൂഹികവും മാനുഷികവുമായ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. പ്രായമാകുന്ന മനുഷ്യരുടെ ആഗ്രഹങ്ങൾക്കും ഓർമ്മകൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും കുടുംബങ്ങൾ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്ന ചോദ്യമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.
മക്കളുടെ ജീവിതസൗകര്യങ്ങൾക്കനുസരിച്ച് മാതാപിതാക്കളുടെ ജീവിതം ക്രമീകരിക്കപ്പെടുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും വൈകാരിക ആവശ്യങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു. സ്വന്തം വീടും നാടും സുഹൃത്തുക്കളും ഓർമ്മകളും ഉപേക്ഷിച്ച് മറ്റൊരു ജീവിതരീതിയിലേക്ക് മാറേണ്ടിവരുന്ന വയോധികരുടെ മാനസികാവസ്ഥയും ചിത്രം അവതരിപ്പിക്കുന്നു. കൃഷി, പരിസ്ഥിതി, സാമൂഹികബന്ധങ്ങൾ, തലമുറകൾ തമ്മിലുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളെ വൈകാരികമായ കഥാപരിസരത്തിൽ അവതരിപ്പിക്കുന്ന ഒരു റോഡ് മൂവിയാണ് ‘ഓറഞ്ച് മരങ്ങളുടെ വീട്’.
നെടുമുടി വേണു, പി. ബാലചന്ദ്രൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർദ്ധൻ, ജയപ്രകാശ് കുളൂർ, ദീപൻ ശിവരാമൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മലയാള നാടകവേദിയിലും സിനിമയിലും ശ്രദ്ധേയരായ നിരവധി പ്രതിഭകളുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
