നിപ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി ഉപയോഗിച്ച അമേരിക്കൻ കമ്പനിയായ ഗിലിയഡ് സയൻസസിന്റെ (Gilead Sciences) റെംഡെസിവിർ മരുന്ന് കേരളത്തിൽ എത്തിയത് എങ്ങനെയെന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരുന്നിന്റെ സംഭരണം, വിതരണം, ആശുപത്രികളിലെത്തിച്ച രീതി എന്നിവ സംബന്ധിച്ച രേഖകളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനോട് (KMSCL) അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്.

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പ്രകാരം, ഗിലിയഡ് സയൻസസ് നിർമ്മിച്ച റെംഡെസിവിറിന്റെ 690 വയലുകൾ 2022 ജനുവരി ഒന്നിനാണ് ആശുപത്രിയിൽ ലഭിച്ചത്. 2023 സെപ്റ്റംബർ 13-ന് നിപ രോഗികൾക്ക് 10 വയലുകൾ നൽകിയതായും പിന്നീട് വിവിധ ഘട്ടങ്ങളിലായി 256 വയലുകൾ വിതരണം ചെയ്തതായും ആശുപത്രി രേഖകളിൽ വ്യക്തമാക്കുന്നു.
എന്നാൽ മരുന്നിന്റെ യഥാർത്ഥ സംഭരണ ഉറവിടം, വാങ്ങിയ തീയതി, വിതരണ ഏജൻസി തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രധാന രേഖകൾ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മരുന്നിന്റെ വയലുകളിൽ ‘For Clinical Trial Use Only’ എന്ന ലേബൽ ഉണ്ടായിരുന്നതും അന്വേഷണത്തിന് കാരണമായിട്ടുണ്ട്. ക്ലിനിക്കൽ ട്രയലിനായി മാത്രം ഉപയോഗിക്കേണ്ടതാണെന്ന് സൂചിപ്പിക്കുന്ന ഈ ലേബൽ ഉയർത്തുന്ന പ്രധാന ചോദ്യം, മരുന്ന് ഏത് അനുമതിയുടെ അടിസ്ഥാനത്തിലാണ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചതെന്നതാണ്.
വയലുകളിൽ നിർമ്മാണ തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്നും 2025 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. ഇത്തരം മരുന്നുകൾ ക്ലിനിക്കൽ ട്രയൽ ആവശ്യങ്ങൾക്കായി വിതരണം ചെയ്തതാണെങ്കിൽ അവയുടെ സ്വീകരണം, സംഭരണം, രോഗികളിലെ ഉപയോഗം എന്നിവ സംബന്ധിച്ച കൃത്യമായ രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.
കോവിഡ് കാലത്ത് കേന്ദ്രസർക്കാർ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് (HLL) വഴി റെംഡെസിവിർ സംഭരിച്ചിരുന്നുവെന്നും അതുവഴിയായിരിക്കാം കേരളത്തിലേക്ക് മരുന്നെത്തിയതെന്നുമുള്ള സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ ഗിലിയഡ് സയൻസസിന്റെ റെംഡെസിവിർ തങ്ങൾ സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എച്ച്.എൽ.എൽ അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
റെംഡെസിവിറുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉയർന്ന മറ്റൊരു വിവാദം കാലാവധി കഴിഞ്ഞ മരുന്ന് നിപ രോഗികൾക്ക് നൽകിയെന്ന ആരോപണമാണ്. 2021 ജൂണിൽ കെ.എം.എസ്.സി.എൽ വഴി വാങ്ങിയ റെംഡെസിവിറിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചതായാണ് നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയത്.
കരുണ്യ പദ്ധതിയിലൂടെ ഏകദേശം 42 ലക്ഷം രൂപ ചെലവഴിച്ച് 3,000 വയലുകൾ വാങ്ങിയതായും വിവരമുണ്ട്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രേഖകളിൽ തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിലും റെംഡെസിവിർ ഉപയോഗിച്ചതായി സൂചനയുണ്ട്.



