6 മുതൽ 8 വരെ ക്ലാസുകളിലെ 15.30 ലക്ഷം വിദ്യാർഥികൾക്ക് കൂടി പ്രയോജനം
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതി 6 മുതൽ 8 വരെ ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ തിരുവാൺമിയൂരിലെ ഗാന്ധി ഗ്രാമം ചെന്നൈ മിഡിൽ സ്കൂളിൽ പദ്ധതിയുടെ വിപുലീകരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.
പദ്ധതിയുടെ വിപുലീകരണത്തോടെ സംസ്ഥാനത്തെ 15,454 സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 15.30 ലക്ഷം വിദ്യാർഥികൾക്ക് അധികമായി പ്രയോജനം ലഭിക്കും. ഇതുവരെ പ്രധാനമായും 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ലഭിച്ചിരുന്ന പ്രഭാതഭക്ഷണ പദ്ധതിയാണ് ഇനി മിഡിൽ സ്കൂൾ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ പദ്ധതിയുടെ പരിധിയിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടും.

പുതിയ വിപുലീകരണത്തോടൊപ്പം പദ്ധതിക്ക് ‘പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി’ എന്ന പേര് നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ പോഷകാഹാരം, ആരോഗ്യനില, സ്കൂൾ ഹാജർ, പഠനത്തിൽ ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവാൺമിയൂരിലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയും അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യദിനത്തിൽ സാമ്പാർ, വെൺപൊങ്കൽ, ശർക്കരപ്പൊങ്കൽ തുടങ്ങിയ വിഭവങ്ങളാണ് നൽകിയത്.
ചെന്നൈ കോർപ്പറേഷൻ പരിധിയിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സംയോജിത അടുക്കളകളിലൂടെയാണ് പ്രഭാതഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. മറ്റ് നഗര, ഗ്രാമ മേഖലകളിൽ ആവശ്യാനുസരണം സംയോജിത അടുക്കളകളും സ്വയംസഹായ സംഘങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെയാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.



