വാഷിങ്ടൺ: പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളായ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ, അന്യഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ നാസയുടെ പുതിയ ബഹിരാകാശ ദൂരദർശിനിയായ നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ് ഓഗസ്റ്റ് 30 ഞായറാഴ്ച ബഹിരാകാശത്തേക്ക് കുതിക്കും. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് SpaceX-ന്റെ Falcon Heavy റോക്കറ്റിലാണ് വിക്ഷേപണം.
നാസയുടെ ഏറ്റവും പ്രധാനപ്പെട്ട അടുത്ത തലമുറ ബഹിരാകാശ നിരീക്ഷണ ദൗത്യങ്ങളിലൊന്നാണ് റോമൻ ടെലിസ്കോപ്പ്. വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യൻ–ഭൂമി L2 ലഗ്രാഞ്ച് പോയിന്റിന് സമീപം ടെലിസ്കോപ്പ് വിന്യസിക്കും. അവിടെനിന്ന് പ്രപഞ്ചത്തെ വിശാലമായ കാഴ്ചപ്പാടിൽ നിരീക്ഷിക്കുകയാണ് ലക്ഷ്യം.
എന്താണ് നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ്പ്?
നാസയുടെ ആദ്യ ചീഫ് ആസ്ട്രോണമറായ നാൻസി ഗ്രേസ് റോമന്റെ പേരിലാണ് ദൂരദർശിനിക്ക് പേര് നൽകിയിരിക്കുന്നത്. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ വികസനത്തിന് നിർണായകമായ സംഭാവനകൾ നൽകിയതിനാൽ അവർ ബഹിരാകാശ ശാസ്ത്ര ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വമാണ്.
റോമൻ ടെലിസ്കോപ്പ് ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിച്ചാണ് പ്രപഞ്ചത്തെ നിരീക്ഷിക്കുക. ഹബിളിനേക്കാൾ വളരെ വിശാലമായ ആകാശപ്രദേശം ഒരേസമയം നിരീക്ഷിക്കാൻ ഇതിന് കഴിയും. അതിനാൽ കോടിക്കണക്കിന് നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ചുള്ള വിവരങ്ങൾ വളരെ വേഗത്തിൽ ശേഖരിക്കാൻ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.



